ഭൂമി ശാസ്ത്രം

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ കാളികാവ് ബ്ലോക്കിലാണ് അമരമ്പലം പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അമരമ്പലം വില്ലേജുപരിധിയിലുള്‍പ്പെടുന്ന അമരമ്പലം ഗ്രാമപ്പഞ്ചായത്തിനു 140.15 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക്-കരുളായി ഗ്രാമപഞ്ചായത്ത്, കിഴക്ക്- നീലഗിരി ജില്ല (തമിഴ്നാട്), ചോക്കാട് പഞ്ചായത്തുകളും, തെക്ക് കോട്ടപ്പുഴ, വണ്ടൂര്‍ ഗ്രാമപഞ്ചായത്ത്, പടിഞ്ഞാറ്: നിലമ്പൂര്‍ മുന്‍സിപ്പാലിറ്റി, വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പഞ്ചായത്തിന്റെ വിസ്തൃതില്‍ 60.7%-വും സംരക്ഷിത വനമേഖലയാണ്. 87% സാക്ഷരത കൈവരിച്ച പഞ്ചായത്താണ് അമരമ്പലം ഗ്രാമപഞ്ചായത്ത്, ടി.കെ കോളനി മലയാണ് പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശം. ഇടനാട് ഭൂപ്രകൃതിമേഖലയിലാണ് അമരമ്പലം പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. തെങ്ങ്, കവുങ്ങ്, നെല്ല്, റബ്ബര്‍, വാഴ മുതലായവയാണ് പഞ്ചായത്തിലെ മുഖ്യ കൃഷികള്‍. കോട്ടപ്പുഴ, കരിമ്പുഴ, ടി.കെ.കോളനിപ്പുഴ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകള്‍. 1961ല്‍ ആണ് അമരമ്പലം ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. നിലമ്പൂര്‍-പെരുമ്പിലാവ് സ്റ്റേറ്റ് ഹൈവേ അമരമ്പലം പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്. ചന്തകുന്നാണ് ഏറ്റവും സമീപത്തുള്ള പ്രധാന ഗതാഗത കേന്ദ്രം. നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ പഞ്ചായത്തിനു വളരെ സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. 1964 ജനുവരിയിലാണ് ആദ്യ പഞ്ചായത്തു ഭരണസമിതി അധികാരമേറ്റത്. സി.വി.പത്മനാഭന്‍ നാരായണനായിരുന്നു ആദ്യപ്രസിഡന്റ്. 1968-ല്‍ അമരമ്പലം പഞ്ചായത്ത് വിഭജിക്കപ്പെട്ടു. ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ മലമ്പ്രദേശം, കുന്നിന്‍ പ്രദേശം, താഴ്വര, സമതലം എന്നിങ്ങനെ നാലായി തരംതിരിക്കാം. ചെമ്മണ്ണും, മണല്‍ കലര്‍ന്ന ചെളിമണ്ണും, എക്കല്‍ മണ്ണുമാണ് ഇവിടെ കാണപ്പെടുന്ന പ്രധാന മണ്‍തരങ്ങള്‍.